ഇരട്ടവോട്ട്, കള്ളവോട്ട് തടയുക; തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കാനും ഇരട്ടവോട്ട്, കള്ളവോട്ട് എന്നിവ തടയാനും ലക്ഷ്യമിട്ടാണു നീക്കമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആധാര്‍ ഉപയോഗിക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷന്‍ അധികാരം നല്‍കാന്‍ ആധാര്‍ നിയമത്തിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. തെരഞ്ഞെടുപ്പു പരിഷ്‌കരണത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കമ്മീഷനെ അറിയിച്ചത്.

തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കു 2015-ലാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കമാരംഭിച്ചത്. 32 കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും പദ്ധതി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പദ്ധതി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

Top