ദീന്‍ദയാല്‍ ഉപാധ്യായയുടെ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് മോദി, 63 അടി ഉയരമുള്ള പ്രതിമയും

ന്യൂഡല്‍ഹി: ആര്‍എസ്എസ് താത്വികാചാര്യന്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 63 അടി ഉയരമുള്ള പ്രതിമയും അനാഛാദനം ചെയ്തു.

ദലിതരുടെയും പിന്നോക്ക വിഭാഗക്കാരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ വാക്കുകള്‍ പ്രചോദനമാണെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു.

വാരണാസിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി 1,254 കോടി രൂപയുടെ 50 പദ്ധതികള്‍ക്കാണു തുടക്കം കുറിച്ചത്. ദേശീയപാത, ജലപാത, റെയില്‍വേ തുടങ്ങിയവയ്ക്കാണു മുന്‍ഗണന നല്‍കുന്നത്.ഇതുള്‍പ്പെടെ 25,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണു ഇവിടെ നടപ്പാക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. ഗംഗാ ശുചീകരണ പദ്ധതിയില്‍ 7,000 കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

3 തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഉത്തര്‍പ്രദേശിലെ വാരാണസി, മധ്യപ്രദേശിലെ ഓംകാരേശ്വര്‍, ഉജ്ജയിന്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഐആര്‍ടിസിയുടെ ‘മഹാ കാല്‍ എക്‌സ്പ്രസ്’ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. മാത്രമല്ല കരകൗശല പ്രദര്‍ശനവും സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണാടക മുഖ്യമന്ത്രി ബി. എസ്. യെഡിയൂരപ്പ എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

Top