ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പിന്നോട്ടില്ലെന്ന നിലപാടാവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്തുസമ്മര്‍ദമുണ്ടായാലും പൗരത്വനിയമഭേദഗതി നടപ്പാക്കുമെന്നും രാജ്യം ഏറെക്കാലമായി കാത്തിരുന്നതാണ് പൗരത്വനിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തിലും മാറ്റമില്ലെന്നും രാജ്യതാല്പര്യം മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനങ്ങളെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീന്‍ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു. അനുമതി നിഷേധിച്ചിട്ടും മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തടയല്‍. ഇതേതുടര്‍ന്ന് അല്പദൂരം മാര്‍ച്ച് നടത്തിയ ശേഷം സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഷഹീന്‍ബാഗില്‍ നിന്ന് പ്രതിഷേധക്കാര്‍ കാല്‍നടയായി ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം.സംഘം പോലീസുമായി ചര്‍ച്ച നടത്തിയെങ്കിലും അയ്യായിരം പേരുടെ മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്ന് ഡി.സി.പി ആര്.പി മീണ അറിയിച്ചു. അഞ്ച് പേര്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു പൊലീസ് നിലപാട്. അമിത് ഷായുടെ വീടിന് മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത്
വന്‍ സന്നാഹത്തോടെയാണ് പൊലീസ് നിലയുറപ്പിച്ചത്. പൗരത്വഭേദഗതി നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ തയാറാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയെ കാണണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.