സത്യപ്രതിജ്ഞയ്ക്ക് എത്തി ആ ‘സൂപ്പര്‍താരം’; എല്ലാ കണ്ണുകളും ഈ കുഞ്ഞ് കെജ്രിവാളിലേക്ക്‌

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ആവേശം നിറച്ച ‘കുഞ്ഞ് കെജ്രിവാള്‍’ സാക്ഷാല്‍ അരവിന്ദ് കെജ്രിവാള്‍ മൂന്നാം തവണ മുഖ്യമന്ത്രിയായി അധികാരം ഏല്‍ക്കുന്ന നിമിഷങ്ങള്‍ സാക്ഷിയാകാന്‍ എത്തി. കെജ്രിവാളിന്റെ കുഞ്ഞ് അപരനായ അവ്യാന്‍ തോമര്‍ എന്ന ഒരുവയസ്സുകാരനാണ് സത്യാപ്രതിജ്ഞ വേളയില്‍ താരമായത്.എല്ലാ കണ്ണുകളും ഈ കുഞ്ഞ് കെജ്രിവാളിന് നേര്‍ക്കായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം എഎപി ഓഫീസിന് മുന്നില്‍ കെജ്രിവാളിന് സമാനമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ആ ഒരു വയസ്സുകാരന്‍ വൈറലായി മാറിയത്. എഎപി തൊപ്പിയും, കണ്ണടയും, സ്വെറ്ററും, മഫ്ളറും, മുഖത്തൊരു കുഞ്ഞന്‍ മീശയുമായി എത്തിയ കുഞ്ഞിനെ ‘മഫ്ളര്‍മാന്‍’ എന്നാണ് എഎപി വിളിച്ചത്.

ആം ആദ്മി പാര്‍ട്ടി നിയമോപദേഷ്ടാവ് ഭഗവത് മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഷേക്ക്ഹാന്‍ഡ് നല്‍കിയാണ് അവ്യാനെ സ്വീകരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അവ്യാനെ ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ട്വിറ്ററിലാണ് ഈ വമ്പന്‍ പ്രഖ്യാപനം എഎപി നടത്തിയത്. ‘കുഞ്ഞ് മഫ്ളര്‍മാനെ ഫെബ്രുവരി 16ന് നടക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നു. തയ്യാറായിക്കോളൂ, ‘ജൂനിയര്‍, എഎപി’ ‘- എന്നായിരുന്നു ട്വീറ്റ്.

അതേസമയം,സാധാരണക്കാരനായ തന്റെ കുടുംബത്തെ ഇത്രയും വലിയൊരു ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ സന്തോഷത്തിലാണ് തോമര്‍ കുടുംബം. അവ്യാന്റെ അച്ഛന്‍ തോമര്‍ വ്യാപാരിയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമാണ്.

2011ല്‍ അണ്ണാ ഹസാരെയ്ക്കൊപ്പം അഴിമതി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് 51കാരനായ കെജ്രിവാള്‍ പൊതുരംഗത്തേക്ക് കടന്നുവന്നത്. ആ സമരത്തിന് വേദിയായ രാംലീല മൈതാനം തന്നെയായിരുന്നു ചരിത്രനിമിഷത്തിന് തെരഞ്ഞെടുത്തത്.

Top