കോണ്‍ഗ്രസിന് ഒരു നേതാവുണ്ടായിരുന്നില്ല എന്നതാണ് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലെയില്ലായിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ പ്രമുഖര്‍ ജയിച്ചു കയറിയപ്പോള്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ പരാജയം രുചിച്ചു. ഏറെ പ്രതീക്ഷയോടെ മല്‍സരിച്ച കോണ്‍ഗ്രസിന്റെ 63 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുകയും നഷ്ടമായി. ഇപ്പോഴിതാ കനത്ത തോല്‍വിക്ക് പിന്നാലെ വിമര്‍ശനവുമായി പാര്‍ട്ടി നേതാവ് കപില്‍ സിബല്‍.

ഡല്‍ഹിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് ഒരു നേതാവുണ്ടായിരുന്നില്ല എന്നതാണ് പാര്‍ട്ടിക്കുള്ളിലെ പ്രധാന പ്രതിസന്ധിയെന്നും ഈ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബിജെപിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ വിലപ്പോകില്ലെന്ന് ഇനിയെങ്കിലും ബിജെപി മനസിലാക്കുന്നത് നല്ലതാണെന്നും അതിനുദാഹരണമാണ് ഡല്‍ഹി ഫലമെന്നും സിബല്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ ഭിന്നിപ്പിക്കുക തന്ത്രം പയറ്റി നേട്ടമുണ്ടാക്കമെന്ന ധാരണയില്‍ നിന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പിന്മാറണം. ഡല്‍ഹിയിലെ അതേ ജനവിധി തന്നെയാണ് ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് സംഭവിക്കാനിരിക്കുന്നതെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

ഇത് രണ്ടാം തവണയാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങുന്നത്.തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു. 2015-ലും കോണ്‍ഗ്രസിന് സമാന അവസ്ഥയായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.

Top