ഡല്‍ഹി തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു; 54.93 ശതമാനം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് അവസാനിച്ചു. 54.93 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ 4 തെരഞ്ഞെടുപ്പുകളേക്കാള്‍ കുറഞ്ഞ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ അഞ്ച് മണി വരെ 42.7 ശതമാനമായിരുന്നു രേഖപ്പെടുത്തിയിരുന്നത്‌. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെടുകയായിരുന്നു. മാത്രമല്ല ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി.

ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക മണ്ഡലങ്ങളിലും നടന്നത്. ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 42 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുമായാണ് ആം ആദ്മി പാര്‍ട്ടി വിജയം ആഘോഷിച്ചത്. ബിജെപി 3 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് ഫലം 11നാണ് പുറത്ത് വരുന്നത്. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.

Top