കൊറോണയില്ല; ഡല്‍ഹിയിലെത്തിയ 406 ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും

ന്യൂഡല്‍ഹി: കൊറോണ ബാധ പിടിപെട്ടതിനെ തുടര്‍ന്ന് ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും.ചൗളയിലെ ഐടിബിപി ക്യാമ്പില്‍ കഴിയുന്ന 406 പേരാണ് വീടുകളിലേക്ക് മടങ്ങുന്നത്.

അവസാന പരിശോധനയിലും ഇവര്‍ക്ക് കൊറോണ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ മടങ്ങുന്നത്.

അതേസമയം,സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായ രണ്ടാമത്തെയാളും ആശുപത്രി വിട്ടു. കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെയാണ് തുടര്‍ച്ചയായി രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വിട്ടത്.

ഇനി തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ആലപ്പുഴയില്‍ ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി ഇതിനോടകം വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

അതേ സമയം കൊറോണ വൈറസ് ബാധിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 68,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ രോഗബാധ കൂടുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. 1700 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചതായും ഇതില്‍ ആറ് പേര്‍ മരിച്ചെന്നും ചൈന അറിയിച്ചു.

Top