മാധ്യമങ്ങള്‍ക്ക് പൂട്ടിട്ട സംഭവം; വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം

indian parliament

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം.

വിഷയത്തെ സംബന്ധിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ബുധനാഴ്ച അടിയന്തരപ്രമേയമായി ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി. മാത്രമല്ല വിലക്കിനെ സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അയച്ച നോട്ടീസിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ വിശദീകരണം പാര്‍ലമെന്റില്‍ ആവശ്യപ്പെടാനുമാണ്പ്രതിപക്ഷത്തിന്റെ തീരുമാനം.

ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും മാധ്യമവിലക്ക് ഉന്നയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ധാരണ.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.

രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് പിന്‍വലിച്ചത്.

Top