ബി.ജെ.പി ബഹളം പ്രതിഷേധം മറയ്ക്കാന്‍; തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷമുന്നയിച്ച പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ‘മേക് ഇന്‍ ഇന്ത്യ’ അല്ല ‘റേപ് ഇന്‍ ഇന്ത്യ’ എന്ന പരാമര്‍ശത്തിലാണ് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രക്ഷോഭം ഉയര്‍ന്നത്.

ബി.ജെ.പി ലോക്‌സഭയില്‍ ബഹളം വച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നം മറയ്ക്കാനാണെന്ന് രാഹുല്‍ഗാന്ധി പാര്‍ലമെന്റിന് പുറത്ത് പ്രതികരിച്ചു. സ്ത്രീകളെ പരസ്യമായി അപമാനിച്ചുവെന്നും രാഹുലിനെതിരെ കര്‍ശനമായി നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി വനിതാ എംപിമാര്‍ ലോക്സഭയില്‍ പ്രതിഷേധിച്ചത്.

ജാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ ഈ വിവാദപരമായ പരാമര്‍ശം. മോദിയുടെ സുപ്രധാന ആശയത്തെ വളരെ മോശം രീതിയില്‍ ചിത്രീകരിച്ചുവെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത് സ്ത്രീകളെ ഉപയോഗിച്ചല്ലെന്നും എംപിമാര്‍ ആരോപിച്ചു.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുല്‍ മാപ്പു പറയണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹളാദ് ജോഷി ആവശ്യപ്പെട്ടു. മാത്രമല്ല രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ഡിഎംകെയുടെ കനിമൊഴിയും എന്‍സിപിയുടെ സുപ്രിയ സുളെയും പ്രതികരിക്കണമെന്നും പ്രഹളാദ് ജോഷി ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയുടെ നേതൃത്വത്തിലായിരുന്നു വനിതാ എംപിമാരുടെ പ്രതിഷേധം.

Top