നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മുന്‍ ജെ.എന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍.

സിഎഎ-എന്‍ആര്‍സി-എന്‍പിആര്‍ എന്നിവയ്ക്ക് എതിരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ജന്‍-ഗണ്‍-മന്‍ യാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കനയ്യ കുമാര്‍. എന്നാല്‍ സരസ്വതി പൂജ നടക്കുന്ന ദിവസമായതിനാല്‍ ഇത്തരത്തിലൊരു റാലി നടത്തുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ഇക്കാര്യം എഎസ്പി സൂര്യകാന്ത് ചൗബെ സ്ഥിരീകരിക്കുകയും ചെയ്തു. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരനില്‍ മഹാത്മാ ഗാന്ധിയുടെ ആശ്രമത്തില്‍ പൊതുജനങ്ങളുടെ മധ്യേ വച്ചായിരുന്നു കനയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ട്വിറ്റര്‍ പേജിലൂടെ കനയ്യ തന്നെയാണ് കസ്റ്റഡിയിലെടുത്ത വിവരം പുറത്ത് വിട്ടത്. മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് നൂറുകണക്കിന് സിപിഐ പ്രവര്‍ത്തകരും മറ്റ് സംഘടനകളില്‍ നിന്നുള്ളവരും എത്തുകയും ചെയ്തിരുന്നു.

Top