ഡല്‍ഹി കലാപം; വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല

high-court-delhi

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് 4 ആഴ്ച അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റേതാണ് നടപടി.

വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ലെന്നും കൂടുതല്‍ സമയം വേണമെന്നും ഉചിതമായ സമയത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. മാത്രമല്ല കലാപവുമായി ബന്ധപ്പെട്ട് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കോടതിയെ അറിയിച്ചു.

ഇന്നലെ ഉടന്‍ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസിനെ അര്‍ധരാത്രി തന്നെ സ്ഥലം മാറ്റിയിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേയ്ക്ക് ജസ്റ്റിസ് എസ് മുരളീധറിനെയാണ് സ്ഥലം മാറ്റിയത്.

ഡല്‍ഹി കലാപം സംബന്ധിച്ച കേസ് ജസ്റ്റിസ് എസ് മുരളീധറിന്റെ ബെഞ്ചില്‍ നിന്നും ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചിലേയ്ക്ക് മാറ്റിയിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, പര്‍വേശ്‌ വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് മുരളീധര്‍ നിര്‍ദേശിച്ചിരുന്നു.

ഇന്നലെ അര്‍ധരാത്രി മുരളീധറിനെ സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത് ഏറെ എതിര്‍പ്പിനിടയാക്കിയിരുന്നു.

അതേസമയം, എസ് മുരളീധറിനെ സ്ഥലം മാറ്റിയ കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിബിഐ പ്രത്യേക ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ലോയയെ അനുസ്മരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നു. നടപടി ഞെട്ടിക്കുന്നതല്ല മറിച്ച് നാണക്കേടുണ്ടാക്കുന്നതാണ് എന്നായിരുന്നു അവരുടെ പ്രതികരണം.

അര്‍ദ്ധരാത്രിയുടെ മറവില്‍ ബിജെപി നടത്തുന്ന വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയായി മാറിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധര്‍.

Top