ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ജെഎന്‍യു ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.സംഘടിത അക്രമത്തിനും കലാപശ്രമത്തിനുമാണ് കേസ്. ഗൂഢാലോചനയും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു മുഖം മറച്ച് ആയുധങ്ങളുമായി എത്തിയവര്‍ ജെ.എന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മര്‍ദിച്ചത്. എബിവിപി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മുഖം മറച്ച് ആയുധങ്ങളുമായി നില്‍ക്കുന്ന അക്രമി സംഘത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സബര്‍മതി, മഹി മാന്ദ്വി, പെരിയാര്‍ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. മുഖംമറച്ചെത്തിയ സംഘം വടികളും ഹാമറുമടക്കം ഉപയോഗിച്ച് ഹോസ്റ്റലുകളിലേക്ക് കയറി വന്ന് മര്‍ദിക്കുകയായിരുന്നു.

സബര്‍മതി ഹോസ്റ്റല്‍ അടിച്ച് തകര്‍ത്തിട്ടുമുണ്ട്. ഹോസ്റ്റലുകള്‍ക്ക് നേരെ കല്ലേറും അവിടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഹോസ്റ്റല്‍ ഫീസ് വര്‍ധവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അക്രമമെന്നാണ് സൂചന. അതേ സമയം ക്യാമ്പസിന് പുറത്ത് നിന്നുള്ളവരും അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

Top