ജെഎന്‍യു സംഭവം; എബിവിപിക്കെതിരെ പരാതി നല്‍കി ഐഷി ഘോഷ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധാരികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പരാതി നല്‍കി. വധശ്രമത്തിന് എബിവിപിക്കെതിരെയാണ് ഐഷി പരാതി നല്‍കിയത്.

ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ഐഷിക്ക് പരിക്കേറ്റിരുന്നു.അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിട്ടും അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദുരക്ഷാദള്‍ ഏറ്റെടുത്തിരുന്നു. ഇതിനിടെ സമാധാനപരമായി ക്യാംപസില്‍ സമരം ചെയ്തിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസിപ്പോള്‍ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ഒരുവിഭാഗം മുഖംമൂടി ധാരികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് അക്രമം അഴിച്ചുവിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചിരുന്നു.

Top