ഫീസ് വര്‍ധന; പ്രതിഷേധം കടുപ്പിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍, നാളെ മാര്‍ച്ച്

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ നാളെ എംഎച്ച്ആര്‍ഡി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. വിസി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10 മണിക്ക് ശാസ്ത്രി ഭവന്‍ ഉപരോധിക്കും.

ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ശൈത്യക്കാല സെമസ്റ്ററുകള്‍ക്കുള്ള വിദ്യാര്‍ത്ഥി രജിസ്‌ട്രേഷന്‍ ബഹിഷ്‌ക്കരിക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം.

ഒക്ടോബര്‍ മൂന്നിനാണ് പുതിയ ഐഎച്ച്എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വ്വകലാശാല പുറത്തുവിട്ടത്. അന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ചര്‍ച്ച കൂടാതെ മാനുവല്‍ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങുകയായിരുന്നു. ഫീസ് വര്‍ധനവ് പൂര്‍ണ്ണമായി പിന്‍വലിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നേരത്തേ പുതുക്കിയ ഐഎച്ച്എ മാനുവല്‍ പ്രകാരം യൂട്ടിലിറ്റി ഫീസ് ഒഴിവാക്കി ജെഎന്‍യു അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പുതുക്കിയ സര്‍ക്കുലര്‍ പ്രകാരം മാസം തോറും 600 രൂപ സിംഗിള്‍ മുറിക്കും ഡബിള്‍ മുറിക്ക് 300 രൂപയുമാണ്.

Top