സ്പീക്കറോട് അനാദരവ് കാണിച്ചു; ഗുജറാത്ത് നിയമസഭയില്‍ ജിഗ്നേഷ് മേവാനിക്ക് വിലക്ക്

ന്യൂഡല്‍ഹി: ദലിത് നേതാവും സ്വതന്ത്ര എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്ക് ഗുജറാത്ത് അസംബ്ലിയില്‍ വിലക്ക്. സഭയില്‍ മര്യാദ വിട്ട് പെരുമാറുകയും സ്പീക്കറോട് അനാദരവ് കാണിക്കുകയും ചെയ്തുവെന്ന കാരണത്താലാണ് ജിഗ്നേഷിനെ സഭയില്‍ മൂന്ന് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഭരണഘടനാ ദിനം ആചരിക്കാനുള്ള പ്രമേയം മുഖ്യമന്ത്രി വിജയ് രൂപാനി സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ആയിരങ്ങളായ ദലിത് ജനങ്ങള്‍ ഇന്നും താഴേക്കിടയില്‍ ജീവിക്കുന്ന സംസ്ഥാനത്ത്, കഴിഞ്ഞ ദിവസം വരെ മൂന്ന് ദലിതുകളെ വെടിവെച്ച് കൊന്ന നാട്ടില്‍ ഇതിനൊന്നും നടപടിയുണ്ടാക്കാതെ വെറും പ്രഹസനമാണ് ആര്‍.എസ്.എസിന്റെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മേവാനി പറഞ്ഞിരുന്നു. ഈ വാക്കാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയെ ചൊടിപ്പിച്ചത്.

ഭരണഘടനക്ക് പകരം മനുസ്മൃതിയെ പിന്തുടരുന്ന സര്‍ക്കാറിന് ബാബാ സാഹിബ് അംബേദ്ക്കറെയും, രാജ്യത്തിന്റെ ഭരണഘടനയെയും കുറിച്ച് സംസാരിക്കാന്‍ എന്താണ് അവകാശമെന്ന് ജിഗ്‌നേഷ് മേവാനി ചോദിച്ചു. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവരാണ് ഭരണഘടനാ ദിനം ആചരിക്കേണ്ടത്. നിയമസഭയില്‍ വിലക്കിയത് തനിക്ക് പ്രശ്‌നമുള്ള കാര്യമല്ല. സഭയില്‍ എന്നെ വിലക്കിയാലും ഞാന്‍ തെരുവിലിറങ്ങി ശബ്ദിക്കുക തന്നെ ചെയ്യുമെന്നും, ആരോടും മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

Top