ഡല്‍ഹി കലാപം; മരണം 45 ആയി, ജനജീവിതം സാധാരണ നിലയിലേക്ക്‌…

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ മേഖലയില്‍ നടന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ഇന്ന് മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഗോകുല്‍പുരിയിലെ അഴുക്കുചാലില്‍നിന്നും പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

അതേസമയം, ഇതിനിടെ കലാപബാധിത പ്രദേശങ്ങള്‍ സാധാരണ നിലയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കലാപത്തിന്റെ പ്രഭവ കേന്ദ്രങ്ങളില്‍ സുരക്ഷാ സേനകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. കത്തിനശിച്ച വാഹനങ്ങളും റോഡിലെ തടസങ്ങളും ക്രെയിനുകള്‍ ഉപയോഗിച്ച് നീക്കിത്തുടങ്ങി.

വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക് മാറുന്നുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും വാഹനങ്ങളോടുകയും ചെയ്യുന്നുണ്ട്.

കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറന്നു. പ്രശ്നബാധിതമേഖലകള്‍ സുരക്ഷാസേനയുടെ നിരന്തര നിരീക്ഷണത്തിലാണുള്ളത്. ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്‌നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ ഏഴായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.

അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും. സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ദില്ലി സര്‍ക്കാര്‍ വാട്‌സ് ആപ്പ് നമ്പര്‍ നല്‍കിയിട്ടുണ്ട്.

Top