പൗരത്വ ഭേദഗതി നിയമം; സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നാണ് റിപ്പോര്‍ട്ട് ആയതിനാല്‍ മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അനുമതി തേടാതെയാണെന്ന ഗവര്‍ണറുടെ വാദത്തെ സര്‍ക്കാര്‍ ഇന്നലെ തന്നെ തള്ളിയിരുന്നു. ഭരണഘടന പ്രകാരമോ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരമോ നിയമസഭാ ചട്ടമനുസരിച്ചോ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതില്ലെന്നാണ് നിയമമന്ത്രി ഇന്നലെ പ്രതികരിച്ചത്.

എന്നാല്‍ ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അത് തിരുത്താന്‍ തയ്യാറാകുമെന്നും എ. കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ ഇതു സംബന്ധിച്ച് വിശദീകരണം ചോദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രാജ്ഭവനില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായ അറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ഗവര്‍ണര്‍ തിരിച്ചെത്തുന്നതിന് പിന്നാലെ തന്നെ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുമെന്നാണ് സൂചന.

Top