ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം 2019 സിസ്റ്റര്‍ ലിനിക്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സിസ്റ്റര്‍ ലിനിക്ക്. നിപ വൈറസ് ബാധിതരെ ചികിത്സിച്ച് മരണപ്പെട്ട സിസ്റ്റര്‍ ലിനിക്ക് മരണാനന്തര ബഹുമതിയായാണ് ഈ പുരസ്‌കാരം നല്‍കിയത്.

ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. നേഴ്‌സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരമായി 1973 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്.

പേരാമ്പ്ര ഇഎംഎസ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന ലിനി നിപ ബാധിതരെ ചികിത്സിച്ചതിനെ തുടര്‍ന്നാണ് രോഗബാധിതയായത്. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

എല്ലാ അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും ആരോഗ്യരക്ഷാ മേഖലയില്‍ നഴ്‌സുമാര്‍ വളരെ വലിയ സേവനമാണ് കാഴ്ച വെയ്ക്കുന്നതെന്നും പ്രസിഡന്റ് രാംനാഥ് കോവിന്ദ് പറഞ്ഞു. കേരള സംസ്ഥാന സര്‍ക്കാരും ലിനിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലിനിയെക്കൂടാതെ 35 നഴ്‌സുമാര്‍ കൂടി അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

Top