തീപിടിത്തം; ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പീരാഗര്‍ഹിയിലെ ബാറ്ററി ഫാക്ടറിയിലെ തീപിടുത്തത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ അമിത് ബല്യാണ്‍ എന്ന ഫയര്‍ഫോഴ്‌സ് ഉദ്യാഗസ്ഥന്‍ മരിച്ചത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ബാറ്ററി ഫാക്ടറിയുടെ രണ്ടാം നിലയിലുണ്ടായ തീപിടിത്തം പിന്നീട് തൊട്ട് മുന്നിലുള്ള ഔട്ട്‌ലെറ്റിലേക്കും പടരുകയായിരുന്നു. കെട്ടിടത്തിന് ഉള്ളില്‍ നിന്നും പുറത്തെടുത്ത ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പതിമൂന്ന് പേരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരാണ്. തീ അണയ്ക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.

ഫാക്ടറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു. തീപിടിത്തത്തിന്‍ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Top