കൊറോണ; എസി കോച്ചുകളില്‍ നിന്ന് പുതപ്പും കര്‍ട്ടനും ഒഴിവാക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ലോകമെമ്പാടും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍,ട്രെയിനുകള്‍,ചെക്ക്‌പോസ്റ്റുകള്‍ തുടങ്ങിയ മേഖലകളിലെല്ലാം കര്‍ശന പരിശോധനയാണ് നടപ്പാക്കി വരുന്നത്. ഇപ്പോഴിതാ പ്രതിരോധ നടപടിയെന്നോണം ട്രെയിനിന്റെ എസി കോച്ചുകളില്‍നിന്ന് പുതപ്പും കര്‍ട്ടനും ഒഴിവാക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം.

ട്രെയിനുകളില്‍ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍, ടവലുകള്‍, തലയിണ കവറുകള്‍, എന്നിവ ഉള്‍പ്പെടെ എല്ലാ ദിവസവും കഴുകണമെന്നും സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വേ ഉത്തരവിട്ടു. എന്നാല്‍ യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം പുതപ്പ് കൊണ്ടുവരാമെന്നും എന്തെങ്കിലും അത്യാവശ്യത്തിനുവേണ്ടി മാത്രമായി ചില പുതപ്പുകള്‍ മാത്രം ട്രെയിനില്‍ സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ സ്പര്‍ശിക്കുന്നതിനാല്‍ കോച്ച് ഫിറ്റിംഗുകള്‍ നല്ലരീതിയില്‍ വൃത്തിയാക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top