കൊറോണ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചു,ഏറ്റെടുത്ത് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഓരോ ദിവസവും ജനങ്ങളില്‍ ഭീതി വിതയ്ക്കുകയാണ്. രോഗം ബാധിച്ചവരെക്കാള്‍ വെല്ലുവിളി നേരിടുന്നത് ആരോഗ്യവകുപ്പ് അധികൃതരാണ്. രോഗികളെ പരിചരിക്കുക മാത്രമല്ല അവര്‍, രോഗി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷിക്കുകയും വേണം.

ഇപ്പോഴിതാ കൊറോണ വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാന അധികൃതര്‍ വിസമ്മതിച്ചതോടെ ആശുപത്രി അധികൃതര്‍ ആ ദൗത്യം ഏറ്റെടുത്തു.

ജനക്പുരി സ്വദേശിനിയാണ് കഴിഞ്ഞ ദിവസം രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് ഇവരുടെ മൃതദേഹം സംസ്‌കരിക്കാനായി നിഗംബോധ് ഘട്ടില്‍ എത്തിച്ചപ്പോള്‍ സംസ്‌കരിക്കാനായി മറ്റെവിടെയെങ്കിലും കൊണ്ടുപോകാന്‍ അധികൃതര്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആശുപത്രിയിലെ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുകയായിരുന്നു.

ഇന്നലെയാണ് ജനക്പുരി സ്വദേശിനിയായ 68കാരി മരിച്ചത്. ഫെബ്രുവരി 23-ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക്‌ കൊറോണ വൈറസ് ബാധിച്ചത്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ള ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്‌
ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ദിനംപ്രതി ഇവരുടെ ആരോഗ്യസ്ഥിതി വഷളാവുകയും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു.

Top