പൗരത്വ ഭേദഗതി ബില്‍; ഹര്‍ജി ഉടന്‍ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വബില്ലിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന്‌ സുപ്രീംകോടതി. തൃണമൂല്‍ എം.പി മൊഹുവ മൊയിത്രി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

മെഹുവ മൊയ്ത്രയുടെ ഹര്‍ജി പൗരത്വബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്യുന്നതായിരുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കണമെന്നായിരുന്നു മൊയ്ത്രയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച കോടതി സുപ്രീംകോടതി രജിസ്ട്രാര്‍ മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം മുസ്ലീംലീഗും ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസും അടുത്ത ദിവസം തന്നെ ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറുകയായിരുന്നു.

വന്‍ ഭൂരിപക്ഷത്തോടെ ലോക്‌സഭയും പാസാക്കിയ ബില്ല് ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. ഇതുപ്രകാരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയംതേടിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

അതേസമയം അസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് ബില്ലിനെതിരെ നടക്കുന്നത്. അസമില്‍ പോലിസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.

കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. നിരവധി പ്രക്ഷോഭകർക്ക് പരുക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന ചിലയിടങ്ങളിൽ ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത പത്ത് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

അസമിൽ തുടരുന്ന പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. അസമിൽ ഇന്ന് അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാര്‍ തകര്‍ത്തു.

ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് വടക്കുകിഴക്കൻ ഇന്ത്യയിൽ ട്രെയിൻ വ്യോമഗതാഗതം തടസപ്പെട്ടു. ജനങ്ങൾ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജനങ്ങളോട് അഭ്യർഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യന്‍ സദര്‍ശനം റദ്ദാക്കിയിരുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി നേരത്തെ മൊമന്‍ രംഗത്ത് വന്നിരുന്നു.

Top