പൗരത്വ ഭേദഗതി ബില്‍; കുഞ്ഞിന് ‘നാഗരിക്ത’ എന്ന പേരിട്ട് പാക്ക് ഹിന്ദു അഭയാര്‍ത്ഥി കുടുംബം

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധമാണ് ആളിപ്പടരുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വേറിട്ട പ്രതികരണങ്ങളുമാണ് ഉണ്ടാവുന്നത്. ഇപ്പോള്‍ വേറിട്ട പ്രതിഷേധവുമായി ഡല്‍ഹിയിലെ മജ്‌നു കാ ടിലയില്‍ താമസിച്ചു വന്ന പാക്ക് ഹിന്ദു അഭയാര്‍ത്ഥി കുടുംബമാണ് എത്തിയിരിക്കുന്നത്. തങ്ങളുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് ‘നാഗരിക്ത’ എന്ന പേരിട്ടിരിക്കുകയാണിവര്‍ ഈ ഹിന്ദി പേരിന്റെ അര്‍ത്ഥം ‘പൗരത്വം’ എന്നാണ്.

ബില്ലിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഒരു ഐപിഎസ് ഓഫീസറും രാജിവെച്ചിരുന്നു. അബ്ദുറഹ്മാന്‍ എന്ന ഐപിഎസ് ഓഫീസറാണ് പ്രതിഷേധാര്‍ഹം സര്‍വ്വീസില്‍ നിന്നും രാജിവെച്ചത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരെയുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ രാജി.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. രാജ്യസഭയില്‍ 99 നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയെടുത്തത്. ലോക്‌സഭയില്‍ നേരത്തെ പാസാക്കിയിരുന്നു.

വിവാദമായ പൗരത്വബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പുകയുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും, സാംസ്‌കാരിക പ്രവര്‍ത്തകരും, മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ബില്ലിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

പൗരത്വബില്ലിനെതിരെ അസമില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഗുവാഹത്തിയില്‍ അടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഗുവാഹത്തിയില്‍ പൊലീസിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം തെരുവുയുദ്ധമായി.

ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ച അസം സര്‍ക്കാര്‍ ക്രമസമാധാന പുനഃസ്ഥാപനത്തിന് കരസേനയുടെ സഹായം തേടി. ത്രിപുരയും ശക്തമായ പ്രതിഷേധത്തെ നേരിടാന്‍ കരസേനയെ വിന്യസിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് ഉള്‍ഫ അടക്കമുള്ള വിവിധ സംഘടനകള്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Top