മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദക്ക് ജാമ്യം അനുവദിച്ച്‌ അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സംഭവം നടന്നത്. ഇയാള്‍ ഉള്‍പ്പെടെ അംഗമായ ഒരു ട്രസ്റ്റിന് കീഴിലുള്ള ലോ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് ചിന്മയാനന്ദ പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിയമവിദ്യാര്‍ത്ഥിനിയാണ് 73 കാരനായ ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയിരുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാളുടെ പേരില്‍ ബലാത്സംഗ കുറ്റം ചുമത്താന്‍ പൊലീസ് തയാറായിരുന്നില്ല. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് ചുമത്തിയത്. താന്‍കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനമെന്നും മാത്രമല്ല തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ചിന്മയാനന്ദിന്റെ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം തന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്ന ചിന്മയാനന്ദയുടെ പരാതിയില്‍ 23കാരിയായ നിയമവിദ്യാര്‍ത്ഥിനിയെയും റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

Top