പിണറായി ഭരണത്തിൽ കേരളം ഒന്നാം സ്ഥാനത്തെന്ന്‌ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കണ്ണിലെ കരടായ സി.പി.എം ഭരണത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ 75ആം ദേശീയ സാമ്പിള്‍ സര്‍വേയുടെ ഭാഗമായ സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം നടത്തിയ സര്‍വേയിലാണ് കേരളം ഒന്നാമതെത്തിയത്.

‘ഗൃഹജന സാമൂഹിക ഉപഭോഗം, വിദ്യാഭ്യാസം’ എന്ന് പേരിട്ടിരിക്കുന്ന സര്‍വ്വേയില്‍ പ്രധാനമായും പറയുന്നത് കേരളത്തില്‍ 99.5 ശതമാനം പെണ്‍കുട്ടികളും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുന്നവരാണെന്നും മാത്രമല്ല പ്രീ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 60 ശതമാനവും പെണ്‍കുട്ടികളാണെന്നുമാണ്‌.

ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാകുന്ന പെണ്‍കുട്ടികളുടെ ദേശീയ ശരാശരി നോക്കിയാല്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ 77.5 ശതമാനം മുന്നിലാണ്. അതേസമയം, പ്രീ പ്രൈമറി ക്ലാസുകളില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികളുടെ ദേശീയ ശരാശരി 32.1 ശതമാനവും. ഉത്തര്‍പ്രദേശാണ് പെണ്‍കുട്ടിക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ ഏറ്റവും പിന്നില്‍.

കേരളത്തിന്റെ തൊട്ടുപിന്നിലായി ഹിമാചല്‍ പ്രദേശാണ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ മുന്നിലുള്ളത്.

രാജ്യത്ത് പ്രീ പ്രൈമറി വിഭാഗത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ശതമാനകണക്കില്‍ രണ്ടാമതെത്തിയിരിക്കുന്നത് പഞ്ചാബാണ്(57%). പഞ്ചാബിന് പിന്നിലായി തെലങ്കാന(54%), തമിഴ്‌നാട്(54%), ഹിമാചല്‍ പ്രദേശ്(53%), ഡല്‍ഹി(50%) എന്നീ സംസ്ഥാനങ്ങളും പട്ടികയില്‍ ഇടം നേടി. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നത് സംസ്ഥാനത്തെ 94.4 ശതമാനം പെണ്‍കുട്ടികളും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നവരാണ് എന്നാണ്.

അതിനാല്‍ പട്ടികയില്‍ കേരളത്തെയും ഹിമാചല്‍ പ്രദേശിനെയും പിന്തുടരുകയാണ് ഉത്തരാഖണ്ഡ്(92.7 %), തെലങ്കാന(92.1 %) തമിഴ്‌നാട്(91.6) എന്നീ സംസ്ഥാനങ്ങള്‍ .

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലും പിന്തള്ളി കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചും വലിയ നേട്ടമായിരിക്കുകയാണിപ്പോൾ.

Top