വിവാദ പ്രസംഗം; ജെഎന്‍യു വിദ്യാര്‍ത്ഥി ഷാര്‍ജില്‍ ഇമാം അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഷാര്‍ജില്‍ ഇമാം അറസ്റ്റില്‍. ബീഹാറിലെ ജഹാനാബാദില്‍ നിന്നാണ് ഷാര്‍ജില്‍ അറസ്റ്റിലായത്.

പൗരത്വവിരുദ്ധ പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ആസാമിനെയും വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റണമെന്ന ഷാര്‍ജിലിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് കേസെടുത്തത്.

അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍ പ്രദേശ് പൊലീസും ഷാര്‍ജിലിനെതിരെ കേസെടുത്തിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി ഷാര്‍ജില്‍ ഒളിവിലായിരുന്നു. ഷാര്‍ജിലിനെ പിടികൂടാന്‍ ഡല്‍ഹി, മുംബൈ, പാറ്റ്‌ന എന്നിവിടങ്ങളിലേക്ക് ക്രൈംബ്രാഞ്ചിന്റെ അഞ്ച് സംഘത്തെയാണ് ഡല്‍ഹി പൊലീസ് അയച്ചിരുന്നത്.

Top