പൗരത്വ നിയമഭേദഗതി; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്‍ സ്ഥാപക ദിനത്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സോണിയാ ഗാന്ധി,രാഹുല്‍ ഗാന്ധി,പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.

ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്.

ഇന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കും.അസമിലെ ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രിയങ്ക ഗാന്ധിയും പ്രതിഷേധറാലിയെ അഭിസംബോധന ചെയ്യും.

9.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് സോണിയ ഗാന്ധി പതാക ഉയര്‍ത്തിയ ശേഷം ആയിരിക്കും ഡല്‍ഹിയിലെ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുക. അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിഷേധ റാലിയെ ഒരു മണിക്ക് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.

തുടര്‍ന്ന് ലഖ്‌നൗവിലെ പരിപാടിയിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുക. മഹാരാഷ്ട്ര പി.സി.സിയുടെ നേതൃത്വത്തില്‍ ക്രാന്തി മൈതാനത്ത് മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Top