പൗരത്വ ഭേദഗതി നിയമം അസമിന് മാത്രം,ബിഹാറില്‍ നടപ്പാക്കില്ല: നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

പൗരത്വ റജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ ജെഡിയു അനുകൂലിച്ചിട്ടുമുണ്ട്.

അതിനിടെ, പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി യുപി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടിക യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. മാത്രമല്ല അഭയാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാനും സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ആവശ്യപ്പെട്ടിരുന്നു. നാല്‍പതിനായിരത്തോളം മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ യുപിയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കണക്ക്.

Top