ഡല്‍ഹിയിലെ സംഘര്‍ഷം മനപൂര്‍വ്വം, ഇത്തരം സംഭവങ്ങള്‍ മോദി സര്‍ക്കാര്‍ അംഗീകരിക്കില്ല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷം മനപൂര്‍വമാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി.

ഈ സംഘര്‍ഷങ്ങള്‍ മനപൂര്‍വം നടത്തുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ മോദി സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെയുള്ള സംഘര്‍ഷങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്ന തീവയ്പും അക്രമവും തികച്ചും തെറ്റാണെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും ചേര്‍ന്നാണ് പരസ്പരം കല്ലെറിഞ്ഞ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.

ദിവസങ്ങളായി തുടര്‍ന്ന കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. കേന്ദ്രം 35 കമ്പനി കേന്ദ്ര സേനയേയും രണ്ട് കമ്പനി ദ്രുതകര്‍മ സേനയേയും വിന്യസിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വരുന്ന മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Top