അയോധ്യ കേസ്; സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി. സുപ്രീം കോടതി വിധി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചൂണ്ടിക്കാട്ടി പീസ് പാര്‍ട്ടിയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

വിധിയിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കര്‍സേവകര്‍ അയോധ്യയില്‍ പൊളിച്ചുനീക്കിയ ബാബ്‌രി മസ്ജിദിന് പകരം മുസ്ലീം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ യുപി സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ശ്രീരാമന്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിന്റെ 15 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ് നിര്‍ദേശിച്ച അഞ്ച് സ്ഥലങ്ങളും.

മാത്രമല്ല നാല് മാസത്തിനകം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബിജെപി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നാല് മാസത്തിനകം രാമക്ഷേത്രമെന്ന വാഗ്ദാനം ആവര്‍ത്തിച്ചത്.

1992ലാണ് കര്‍സേവകര്‍ ബാബ്‌രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു. കര്‍സേവകര്‍ ബാബ്‌രി മസ്ജിദ് പൊളിച്ചത് വലിയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. 2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ-ബാബ്‌രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചുനീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ അയോധ്യയില്‍ അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി.

Top