‘ആസാദ് സമാജ് പാര്‍ട്ടി’; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. തുടര്‍ന്ന് അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടിരുന്നു.

ആദ്യം ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തണുമെന്ന വാര്‍ത്തകളായിരുന്നു വന്നിരുന്നതെങ്കിലും ഇപ്പോള്‍ പ്രഖ്യാപിക്കുകയായിരുന്നു. സിഎഎ പ്രശ്‌നം വരുകയും തുടര്‍ന്ന് അതിനെതിരെ തെരുവിലിറങ്ങുകയും ചെയ്തതോടെ ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദിന്റെ ഇമേജ് വര്‍ധിക്കുകയായിരുന്നു.

ഭരണഘടന വിരുദ്ധ പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രധാനം എന്ന് ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രഖ്യാപനവുമായി അദ്ദേഹം എത്തിയത്.

ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാമി പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളായി പാര്‍ട്ടിയുടെ ഔദ്യോഗിക പേരില്‍ തെരഞ്ഞെടുത്തത്. ഭീം ആര്‍മി സ്റ്റുഡന്‌സ് ഫെഡറേഷന്‍ (ബി എ എസ് എഫ്) എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നേരത്തെ രൂപം നല്‍കിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം, സാമൂഹ്യ – സാംസ്‌കാരിക സംഘടനയായി ഭീം ആര്‍മി മാറുമെന്നും സംഘാടകര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിക്കായി നിലവില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി രൂപീകരണത്തിന്റെ പശ്ചാതലത്തില്‍ ബി എസ് പിയില്‍ നിന്നുള്ള ചില നേതാക്കളുമായി ഭീം ആര്‍മി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ദലിത്, മുസ്‌ലിം, പിന്നാക്ക വിഭാഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി അഭ്യര്‍ഥിച്ചിട്ടുണ്ട്.

Top