ഈ വിജയം എന്റേതല്ല നിങ്ങളുടേത്:ഡല്‍ഹി ജനതയോട് മുഖ്യമന്ത്രി കെജ്രിവാള്‍

ന്യൂഡല്‍ഹി: മൂന്നാം തവണയും ജനങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനങ്ങളോടുള്ള തന്റെ സ്‌നേഹം സൗജന്യമായിരിക്കുമെന്നും ലോകത്തിലെ വിലപ്പെട്ടതെല്ലാം പ്രകൃതി സൗജന്യമായാണ് നല്‍കുന്നതെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

‘ചിലര്‍ പറയുന്നത് കെജ്രിവാള്‍ എല്ലാം സൗജന്യമായി നല്‍കുന്നുവെന്നാണ്. ലോകത്തിലെ വിലപ്പെട്ട എല്ലാ വസ്തുക്കളും പ്രകൃതി സൗജന്യമായാണ് നല്‍കുന്നത്. അമ്മയുടെ സ്‌നേഹം, പിതാവിന്റെ അനുഗ്രഹം തുടങ്ങിയതെല്ലാം സൗജന്യമായാണ് നമുക്ക് ലഭിക്കുന്നത്. അതുപോലെ കെജ്രിവാള്‍ തന്റെ ജനത്തെയും സ്‌നേഹിക്കുന്നു, അതിനാല്‍ ഈ സ്‌നേഹവും സൗജന്യമായിരിക്കും’, കെജ്രിവാള്‍ പറഞ്ഞു.

സൗജന്യ വൈദ്യുതി, വെള്ളം, ബസ് യാത്ര തുടങ്ങി മൂല്യമുള്ളതെല്ലാം സൗജന്യമായി നല്‍കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേളയിലടക്കം കെജ്രിവാളിന് നേരെയുണ്ടായിരുന്ന വിമര്‍ശനം. അതിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ’ എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹി ജനതയെ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്.

മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്യാനായി കെജ്രിവാള്‍ രാം ലീല മൈതാനത്തിലെ വേദിയിലെക്കെത്തിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ അദ്ദേഹത്തെ വരവേറ്റത്.

‘നിങ്ങളുടെ മകന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇതെന്റെ വിജയമല്ല, ഈ വിജയം നിങ്ങളുടേതാണ്. ഇത് ഓരോ ഡല്‍ഹിക്കാരന്റെയും എല്ലാ അമ്മമാരുടെയും എല്ലാ സഹോദരിമാരുടെയും എല്ലാ യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ഡല്‍ഹിയിലെ എല്ലാ കുടുംബങ്ങളുടെയും വിജയമാണ്’ രാംലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ ജനങ്ങളെ നോക്കി കെജ്രിവാള്‍ പറഞ്ഞു.

നിങ്ങളുടെ ഗ്രാമങ്ങളിലുള്ളവരെ വിളിച്ച് പറയുക, ഞങ്ങളുടെ മകന്‍ മുഖ്യമന്ത്രിയായി, ഇനി വിഷമിക്കേണ്ടതില്ലെന്ന്. ഓരോ കുടുംബത്തെയും സന്തുഷ്ടരാക്കാനും അവരുടെ ജീവിതത്തില്‍ ആശ്വാസം നല്‍കാനും ഡല്‍ഹിയില്‍ വികസനമെത്തിക്കാനും വേണ്ടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചത്. ഇനിയും ഈ ശ്രമങ്ങള്‍ തുടരും, കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കെജ്രിവാളിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍ ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ ഹുസൈന്, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വരാണസിയില്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിരുന്നില്ല. ഡല്‍ഹിയിലെ യഥാര്‍ത്ഥ പ്രതിനിധികള്‍ സാധാരണ ജനങ്ങളായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശുചീകരണത്തൊഴിലാളികള്‍ ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്‌കൂളിലെ പ്യൂണ്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 50 പേരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിട്ടത്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 70 നിയമസഭാമണ്ഡലത്തില്‍ 62 സീറ്റും പിടിച്ചാണ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി ഹാട്രിക് വിജയം നേടി വീണ്ടും ഡല്‍ഹി പിടിച്ചത്. ബിജെപിയുടെ സ്വപ്നത്തെ പൂര്‍ണമായും തകര്‍ത്തടിച്ചു കൊണ്ടായിരുന്നു ആപ്പിന്റെ ഈ ഗംഭീര വിജയം. വെറും എട്ട് സീറ്റ് മാത്രമാണ് ബിജെപിയ്ക്ക് പിടിക്കാന്‍ സാധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ എട്ട് സീറ്റ് കൂടുതല്‍ നേടാനായി എന്നത് മാത്രമാണ് ബിജെപിയുടെ നേട്ടം.

Top