കൊറോണ പ്രതിരോധം; 5 ടി പദ്ധതിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ഡോക്ടര്‍മാരും വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പ്രത്യേക പദ്ധതി തയാറാക്കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതിനായി 5ടി ആണ് ഉപയോഗപ്പെടുത്തുന്നത്. ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്‌മെന്റ്, ടീംവര്‍ക്ക്, ട്രാക്കിങ് എന്നിങ്ങനെയാണ് വൈറസിനെ നേരിടുന്നത്.

ഐ.സി.എം.ആറിന്റെ നിര്‍ദേശം അനുസരിച്ച് കൊറോണയുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ റാപിഡ് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു കഴിഞ്ഞു. പരിശോധന കിറ്റുകളുടെ ക്ഷാമം സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. 50,000കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത് എത്തി തുടങ്ങി.

അതേസമയം,റാപ്പിഡ് ടെസ്റ്റ് വിപുലീകരിക്കുന്നതിനായി ഒരു ലക്ഷം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച എത്തുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് നിസാമുദ്ദീനിലും ദില്‍ഷാദ് ഗാര്‍ഡനിലുമാണ്.

സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളിലായി 2950 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ 525 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ 30,000 ത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് മുന്നോട്ടുപോകുന്നത്. 8000 ത്തോളം ബെഡുകള്‍ ആശുപത്രികളില്‍ ഒരുക്കാനാകും. കേസുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കും. 400 വെന്റിലേറ്റര്‍ സൗകൗര്യവും 1200 ബെഡുകളില്‍ ഓക്‌സിജന്‍ സൗകര്യവും ഒരുക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു.

പൊലീസുകാര്‍ക്ക് 27,702 മൊബൈല്‍ നമ്പറുകള്‍ കൈമാറിയിട്ടുണ്ടെന്നും ഇവ ഉപയോഗിച്ച് ക്വാറൈന്റന്‍ ലംഘിക്കുന്നവരെ കണ്ടെത്തുമെന്നും 240 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Top