ലോക്ക്ഡൗണിന് ശേഷം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍3 നിന്ന് സര്‍വീസ്

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിച്ചതിനു ശേഷം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ നിന്ന് വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിമാനത്താവളം അധികൃതര്‍. യാത്രക്കാര്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ സെല്‍ഫ് ചെക്കിന്‍ മെഷീനുകളും ചെക്കിന്‍ ബേയും ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

തിരക്കുണ്ടാകാതിരിക്കാന്‍ വിമാനത്താവളത്തിലെ എല്ലാ ഭക്ഷണ ശാലകളും മറ്റു കടകളും തുറക്കും. യാത്രാ സാമഗ്രികള്‍ അള്‍ട്രാവയലറ്റ് അണുനശീകരണ ടണലുകളിലൂടെ കടത്തിവിട്ട് ശുചീകരിക്കും. ഓരോ വിമാന കമ്പനികള്‍ക്കും പ്രത്യേക ഗേറ്റുകള്‍ അനുവദിക്കും. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ആദ്യഘട്ടമെന്ന നിലയിലാണ് ടെര്‍മിനല്‍ 3 യാത്രക്കാര്‍ക്കായി തുറക്കുന്നത്. തുടര്‍ന്ന് വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിച്ചാല്‍ ക്രമേണ മറ്റു ടെര്‍മിനലുകളും തുറക്കും.

വിസ്താര, ഇന്‍ഡിഗോ എന്നീ വിമാനങ്ങളില്‍ യാത്രചെയ്യുന്നവരെ 1,2 ഗേറ്റുകളിലൂടെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. എ, ബി, സി എന്നീ ചെക്ക്-ഇന്‍ വരികള്‍ രണ്ട് വിമാനക്കമ്പനികള്‍ക്കും ഉണ്ടായിരിക്കും.
എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നിവയുടെ യാത്രക്കാര്‍ 3,4 എന്നീ ഗേറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കൂ. ഡി, ഇ, എഫ് എന്നീ വരികള്‍ ഈ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. സ്‌പൈസ് ജെറ്റ്, ഗോഎയര്‍ എന്നിവയ്ക്ക് ഗേറ്റ് നമ്പര്‍ 5 ആണ് ഉപയോഗിക്കാനാവുക. ജി, എച്ച് എന്നീ വരികളില്‍ ചെക്ക്-ഇന്‍ ചെയ്യാം.

മറ്റെല്ലാ ആഭ്യന്തര വിമാനസര്‍വീസുകള്‍ക്കും ഗേറ്റ് നമ്പര്‍ അഞ്ചും ചെക്ക്-ഇന്‍ ചെയ്യാന്‍ എച്ച് വരിയും ഉപയോഗിക്കാം. അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാര്‍ 6,7,8 ഗേറ്റുകളിലൂടെ വേണം പ്രവേശിക്കാന്‍. ജെ, കെ, എല്‍, എം എന്നീ വരികളിലാണ് ചെക്ക്-ഇന്‍.
വിമാനത്താവളത്തിനുള്ളില്‍ ഭക്ഷണശാലകളിലും മറ്റു കടകളിലും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടിക്രമങ്ങളുണ്ടായിരിക്കും. ഡിജിറ്റല്‍ ആയുള്ള പണമിടപാട്, ഡിജിറ്റല്‍ മെനു, വരിനില്‍ക്കുന്നത് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് സ്വയം ഭക്ഷണം എടുക്കാനുള്ള സംവിധാനം എന്നിവയും ഒരുക്കുമെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top