മിസൈല്‍ ആക്രമണം; ഇറാനിലൂടെ പറക്കില്ല, വ്യോമപാത മാറ്റിയതായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ വ്യോമപാത മാറ്റിയതായി എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും താല്‍ക്കാലികമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ വ്യോമപാത മാറ്റുകയാണെന്നും പറഞ്ഞു.

ഇറാനിലൂടെ സഞ്ചരിക്കുന്ന എയര്‍ ഇന്ത്യയുടെ യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള വിമാനങ്ങളുടെ വ്യോമപാതയാണ് മാറ്റിയത്. വ്യോമപാത മാറ്റിയത് മൂലം ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങളുടെ യാത്രാസമയം 20 മിനിട്ടും മുംബൈയില്‍ നിന്നുള്ള വിമാനങ്ങളുടേത് 30 മുതല്‍ 40 മിനിട്ട് വരെയും കൂടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ആസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വാന്റാസ് ലണ്ടനിലേക്കും പെര്‍ത്തിലേക്കുമുള്ള വിമാനങ്ങളുടെ വ്യോമപാതയും മാറ്റിയിട്ടുണ്ട്. വ്യോമപാതയിലെ മാറ്റം മൂലം യാത്രാസമയം 50 മിനിട്ട് വരെ കൂടുമെന്ന് ക്വാന്റാസ് വ്യക്തമാക്കി. മലേഷ്യ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരും വ്യോമപാത മാറ്റിയിട്ടുണ്ട്. ഇറാഖിലെ യു.എസ് എയര്‍ബേസ് ഇറാന്‍ ആക്രമിച്ചതിന് പിന്നാലെയാണ് എയര്‍ഇന്ത്യയുടെ ഈ തീരുമാനം.

Top