യുപി വാരിയേഴ്സിനെതിരെ ഡല്‍ഹിക്ക് 42 റണ്‍സ് ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ തഹ്‍ലിയ മഗ്രാത്തിന്റെ ഐതിഹാസിക ബാറ്റിംഗിനിടയിലും യുപി വാരിയേഴ്സിനെതിരെ തകർപ്പന്‍ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിന്റെ കരുത്തില്‍ 212 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയ ഡല്‍ഹിക്കെതിരെ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ യുപിക്കായുള്ളൂ. 42 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകളുടെ ജയം. സ്കോർ: ഡല്‍ഹി ക്യാപിറ്റല്‍സ്-211/4 (20), യുപി വാരിയേഴ്സ്- 169/5 (20). വാരിയേഴ്സ് നേടിയ 169ല്‍ 90 റണ്‍സും മഗ്രാത്തിന്റെ ബാറ്റില്‍ നിന്നായിരുന്നു. അതും വെറും 50 പന്തുകളില്‍ നിന്ന്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 211 റണ്‍സെടുത്തു. 42 പന്തില്‍ 70 നേടിയ ലാന്നിംഗാണ് ടോപ് സ്കോറർ. അവസാന ഓവറുകളില്‍ ജെസ് ജൊനാസ്സനും ജെമീമ റോഡ്രിഡസും വെടിക്കെട്ടുമായി ഡല്‍ഹിക്ക് കരുത്തായി.

ഓപ്പണിംഗില്‍ വമ്പനടികളുമായി മികച്ച തുടക്കമാണ് മെഗ് ലാന്നിംഗും ഷെഫാലി വർമ്മയും ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്ക് നല്‍കിയത്. ലാന്നിംഗ് ആയിരുന്നു കൂടുതല്‍ അപകടകാരി. ഇരുവരും പവർപ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സിലെത്തി. തൊട്ടടുത്ത തഹ്‍ലിയ മഗ്രാത്തിന്റെ ഓവറില്‍ സിക്സർ ശ്രമത്തിനിടെ ഷെഫാലി(14 പന്തില്‍ 17) കിരണ്‍ നവ്‌ഗൈറിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങി. പിന്നാലെ 32 പന്തില്‍ ലാന്നിംഗ് അർധസെഞ്ചുറി പൂർത്തിയാക്കി. മൂന്നാമതായി ക്രീസിലെത്തിയ മാരിസാന്‍ കാപ്പ് 12 പന്തില്‍ 16 റണ്‍സുമായി എക്കിള്‍സ്റ്റണിനും 10 പന്തില്‍ അതിവേഗം 21 റണ്‍സ് നേടിയ അലീസ് കാപ്സി 10 പന്തില്‍ 21 റണ്‍സെടുത്തും പുറത്തായപ്പോള്‍ ഒരറ്റത്ത് ലാന്നിംഗ് അടി തുടർന്നു. ടീമിനെ അനായാസം 100 കടത്തിയ ലാന്നിംഗ് 42 പന്തില്‍ 10 ഫോറും 3 സിക്സും സഹിതം 70 റണ്‍സുമായി രാജേശ്വരിക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.

അവസാന ഓവറുകളില്‍ ജെസ് ജൊനാസ്സനും ജെമീമ റോഡ്രിഡസും നടത്തിയ വെടിക്കെട്ട് ഡല്‍ഹിയെ ഇന്നിംഗ്സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ 200 കടത്തി. ജൊനാസ്സന്‍ 20 പന്തില്‍ 42* ഉം ജെമീമ 22 പന്തില്‍ 44* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ജെമീമ നാല് ഫോറും ജൊനാസ്സന്‍ മൂന്ന് വീതം ഫോറും സിക്സും നേടി.

മറുപടി ബാറ്റിംഗില്‍ അലീസ ഹീലി 17 പന്തില്‍ 24 ഉം ശ്വേത സെഹ്‍രാവത്ത് 6 പന്തില്‍ ഒന്നും കിരണ്‍ നവ്‍ഗൈർ 2 പന്തില്‍ രണ്ടും റണ്‍സെടുത്ത് പുറത്താകുമ്പോള്‍ 4.2 ഓവറില്‍ 31 റണ്‍സാണ് യുപി വാരിയേഴ്സിനുണ്ടായിരുന്നത്. പിന്നാലെയെത്തിയ ദീപ്തി ശർമ്മയും(20 പന്തില്‍ 12) ദേവിക വൈദ്യയും(21 പന്തില്‍ 23) തഹ്‍ലിയ മഗ്രാത്തിനൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ചു. എന്നാല്‍ ഇരുവരും പുറത്തായ ശേഷം ഒറ്റയ്ക്ക് തഹ്‍ലിയ വെടിക്കെട്ട് കാഴ്ചവെക്കുന്നതാണ് ആരാധകർ കണ്ടത്. 36 പന്തില്‍ അർധസെഞ്ചുറി കണ്ടെത്തിയ തഹ്‍ലിയ 50 പന്തില്‍ 11 ഫോറും 4 സിക്സും സഹിതം 90* റണ്‍സുമായി പുറത്താവാതെ നിന്നു. ഫിഫ്റ്റിക്ക് ശേഷം 14 പന്തില്‍ 40 റണ്‍സ് താരം നേടി. നാല് പന്തില്‍ 6* റണ്‍സുമായി സിമ്രാന്‍ ഷെയ്ഖാണ് പുറത്താവാതെ നിന്ന മറ്റൊരു ബാറ്റർ.

Top