ലോക്ക്ഡൗണില്‍ കുടുങ്ങിയ യുവതിക്ക് പൊലീസ് വാനില്‍ സുഖപ്രസവം

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടയില്‍ പൊലീസ് വാനില്‍ ആശുപത്രിയിലേക്ക് പോകുന്നതിന് ഇടയില്‍ പ്രസവിച്ച് യുവതി.
ഡല്‍ഹി സ്വദേശിയായ മിനി കുമാറാണ് പൊലീസ് വാനില്‍ പ്രസവിച്ചത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകാനായി തിരിച്ച മിനിക്ക് വേദന അധികമായിട്ടും ആംബുലന്‍സ് എത്തിയില്ല.

ഇതോടെയാണ് മിനിയുടെ ഭര്‍ത്താവിന്റെ സഹോദരി പൊലീസ് സഹോയം തേടിയത്. എന്നാല്‍ ആ സമയത്ത് മറ്റ് സംവിധാനങ്ങള്‍ കാത്ത് നില്‍ക്കാന്‍ പറ്റാത്ത സമയമായിരുന്നതിനാലാണ് യുവതിയെ പൊലീസ് വാഹനത്തില്‍ കയറ്റി ഓഫീസിലേക്ക് തിരിച്ചതെന്നാണ് ഡിസിപി പുരോഹിത് വിശദമാക്കുന്നത്.

ഇവര്‍ക്കൊപ്പം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും കൂട്ടിയാണ് ആശുപത്രിയിലേക്ക് അയച്ചത്. പശ്ചിമ ഡല്‍ഹിയില്‍ നിന്ന് ആശുപത്രിയിലേക്ക് പൊലീസ് വാനില്‍ പുറപ്പെട്ട യുവതി ഏകദേശം ഒരുകിലോമീറ്റര്‍ പിന്നിട്ടതോടെ പൊലീസ് വാനില്‍ പ്രസവിക്കുകയായിരുന്നു. യുവതിയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിളും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തു.

വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് മിനി ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് പൊലീസുകാര്‍ മറ്റൊരു വാഹനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇവരുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. പ്രഥമ ശ്രുശ്രൂഷകള്‍ക്ക് ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

Top