മോഷണ ശ്രമത്തിനിടെ യുവതിയെ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി:വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ മോഷണശ്രമത്തിനിടെ യുവതിയെ കുത്തി കൊന്നു. അടുത്തുള്ള സി.സി.ടി.വി ക്യാമറയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു കൊലപാതകമുണ്ടായത്.കുഞ്ഞുമായി വീട്ടിലേക്ക് പോവുകയായിരുന്ന സിമ്രാന്‍ എന്ന യുവതി കവര്‍ച്ചാശ്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കുഞ്ഞുമായി സമീപത്തെ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നില്‍ നിന്ന് ഒരാള്‍ യുവതിയുടെ മാല തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചെറുക്കാന്‍ ശ്രമിക്കുന്ന യുവതിയെ അയാള്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

സംഭവത്തില്‍ പ്രതികള്‍ക്കായുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സമീപ പ്രദേശങ്ങളില്‍ സമാനമായ നിരവധി സംഭവങ്ങള്‍ നടന്നതായി പ്രദേശവാസികള്‍ ആരോപിക്കുമ്പോഴും പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടില്ലെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Top