ഡല്‍ഹിയില്‍ ജൂണ്‍ അവസാനത്തോടെ ഒരു ലക്ഷം കോവിഡ് രോഗികള്‍ !

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ജൂണ്‍ അവസാനത്തോടെ ഒരു ലക്ഷം കോവിഡ് രോഗികള്‍ ഉണ്ടാകുമെന്ന് വിദഗ്ധ സമിതിയുടെ കണക്ക്. ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിനായി രൂപീകരിച്ച അഞ്ചംഗ സമിതി
ശനിയാഴ്ച സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും നിരീക്ഷിച്ചായിരുന്നു കമ്മറ്റി
റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമായി വരുമെന്നാണ് അഞ്ചംഗ സമിതി ചെയര്‍മാന്‍ ഡോ. മഹേഷ് വര്‍മ്മ പറഞ്ഞത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ നിലവില്‍ 8,600 കിടക്കകളുണ്ട്. ഇതില്‍ 49 ശതമാനവും ഇതിനകം ഉപയോഗത്തിലാണ്. കിടക്കകളുടെ എണ്ണം ജൂണ്‍ പകുതിയോടെ 9,800 ആയി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍.

Top