ഡല്‍ഹി കലാപം; ജാമിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ഉപാധികളോടെ ജാമ്യം.ഡല്‍ഹി ഹൈക്കോടതിയാണ് സഫൂറയ്ക്ക് ജാമ്യം അനുവദിച്ചത്.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനു പിന്നാലെയാണ് സഫൂറയ്ക്ക് ജാമ്യം ലഭിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഏപ്രില്‍ 10ന് അറസ്റ്റിലായ സഫൂറ
രണ്ടര മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

മനുഷ്യത്വപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായ സഫൂറ, അറസ്റ്റിലാകുന്ന സമയത്ത് ഗര്‍ഭിണിയായിരുന്നു. ഗര്‍ഭകാലത്തിന്റെ 23-ാം ആഴ്ചയിലാണ് ഇപ്പോള്‍ സഫൂറയുള്ളത്. പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.

അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്, കോടതിയുടെ അനുവാദം തേടാതെ ഡല്‍ഹി വിട്ടു പോകരുത്, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണില്‍ ബന്ധപ്പെടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.

നാല് മാസം ഗര്‍ഭിണി ആയ സഫൂറയുടെ തടവിനെതിരെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

സഫൂറയുടെ ജാമ്യാപേക്ഷ ദില്ലി കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യത്തിന് യോഗ്യതകള്‍ ഒന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭിണിയായ സഫൂറയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നത്.

Top