ഡല്‍ഹി കലാപത്തില്‍ ഭാര്യയെയും മക്കളെയും നഷ്ടമായി ഒരു റിക്ഷാവാല

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഭാര്യയെയും മക്കളെയും കാണാതെ ഏകനായി ഒരു റിക്ഷാവാല. ന്യൂ മുസ്തഫാബാദ് സ്വദേശിയായ മൊയിനുദ്ദീന്‍ എന്ന റിക്ഷാവാലക്കാണ് ഭാര്യയെയും മക്കളെയും നഷ്ടമായത്. ഫെബ്രുവരി 24ന് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കാണാതായതാണ് ഇദ്ദേഹത്തിന്റെ ഭാര്യയെയും പത്തുവയസ്സുകാരി ഉള്‍പ്പെടെയുള്ള നാലുമക്കളെയും.

കലാപകാരികള്‍ കൊളുത്തിയ തീയില്‍ മൊയിനുദ്ദീന്റെ വീടും റിക്ഷയും ചാരമായി. വീടും കുടുംബവും ഏകാശ്രയമായ റിക്ഷയും ഇല്ലാത്ത മൊയ്‌നുദ്ദീന്‍ ഇന്ന് തല ചായ്ക്കുന്നത് ഒരു കടത്തിണ്ണയിലാണ്. ഭക്ഷണത്തിനും പണത്തിനും വേണ്ടി പെടാപ്പാടു പെടുകയാണ് ഇദ്ദേഹം. എനിക്ക് എന്റെ കുടുംബത്തെ കുറിച്ച് യാതൊരു വിവരവുമില്ല. സാഹചര്യം മോശമാകാന്‍ തുടങ്ങിയതോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നു. അതിനു ശേഷം ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്ന് മൊയിനുദ്ദീന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

ഞാനെല്ലാം പോലീസിനോടു പറഞ്ഞു. എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് കാര്യങ്ങള്‍ സാധാരണഗതിയിയിലെത്തിയ നോക്കാമെന്നാണ് അവര്‍ പറയുന്നത്. ഒരുപാട് ആളുകള്‍ അവരവരുടെ കുടുംബാഗങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലാണെന്ന് മൊയിനുദ്ദീന്‍ കൂട്ടിച്ചേര്‍ക്കുന്നു. അരുണ്‍ കുമാര്‍ എന്ന കടയുടമയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ മൊയിനുദ്ദീനുള്ളത്. ഇദ്ദേഹത്തിന്റെ കടയ്ക്കു പുറത്താണ് മൊയിനുദ്ദീന്‍ കിടക്കുന്നത്. തന്റെ കുടുംബത്തെ കുറിച്ച് എവിടെ നിന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാനുള്ള കഠിനശ്രമത്തിലാണ് മൊയിനുദ്ദീനെന്ന് അരുണ്‍ കുമാര്‍ പറയുന്നു.

Top