കേരളത്തിനു നേരെ വിഷം ചീറ്റി ഒരു പരിവാർ പ്രൊഫസർ, പ്രതിഷേധം ശക്തം

ദ്യം ലൗ ജിഹാദ് പിന്നീട് നര്‍ക്കോട്ടിക് ജിഹാദ് ഏറ്റവും ഒടുവില്‍ ഇപ്പോള്‍ മലയാളികള്‍ക്കു നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത് മാര്‍ക്ക് ജിഹാദാണ്. അപകടകരമായ ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് ഒരു പ്രൊഫസര്‍ ആണെന്നത് ഏറെ ഗൗരവകരമാണ്. ഇത്തരം ചിന്താഗതിക്കാര്‍ പഠിപ്പിച്ചാല്‍ അത് പുതിയ തലമുറയെ കൊണ്ടുചെന്നെത്തിക്കുക ഇരുട്ടിലേക്കായിരിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും തന്നെ ഒരു സംശയത്തിന്റെയും ആവശ്യമില്ല.

കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന് ആരോപിച്ചിരിക്കുന്നത് ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണ്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് അദ്ദേഹം വിഷം ചീറ്റിയിരിക്കുന്നത്. വെറുമൊരു പ്രൊഫസര്‍ മാത്രല്ല, ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാര്‍ പാണ്ഡെ. ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് വിവാദ പരാമര്‍ശവുമായി ഈ മാന്യന്‍ രംഗത്തുവന്നിരിക്കുന്നത്. കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ആദ്യത്തെ കട്ടോഫില്‍ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയതാണ് രാകേഷ് കുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചിട്ടുണ്ട്.

കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വര്‍ഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷിച്ച് നേടിയ അതേ നടപടിയാണ് ഇടതുപക്ഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും രാകേഷ് കുമാര്‍ തുറന്നടിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നതാണ് പ്രൊഫസറുടെ കണ്ടുപിടുത്തം.

വലിയ വിമര്‍ശനമാണ് സംഘ പരിവാര്‍ അനുകൂലിയായ ഈ അദ്ധ്യാപകനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. എസ്.എഫ്.ഐയും രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ സമസ്ത മേഖലയിലും ”ജിഹാദ് ” ആരോപണം ഉന്നയിക്കാന്‍ ഇത്തരക്കാര്‍ തയ്യാറാകും. അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം മനസ്സിലാക്കി കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആര്‍ക്കും എന്തും പ്രചരിപ്പിക്കാനുള്ള വേദിയായി സോഷ്യല്‍ മീഡിയകള്‍ ഒരിക്കലും മാറാന്‍ പാടില്ല. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് അതാണ്. അഭിപ്രായ പ്രകടനങ്ങളിലൂടെ കൊടും വിഷമാണ് ഇത്തരം സങ്കുചിതവാദികള്‍ ചീറ്റിക്കൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞുള്ള പ്രതിരോധമാണ് സമൂഹവും ഇനി ഉയര്‍ത്തേണ്ടത്. ജിഹാദ് എന്ന വാക്ക് പോലും ദുരുപയോഗം ചെയ്യപ്പെടുന്ന കാലമാണിത്. ഇക്കാര്യത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് നല്‍കിയ മറുപടിയും ഇപ്പോള്‍ ഏറെ പ്രസക്തമാണ്. നര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം തന്നെ കേള്‍ക്കുന്നത് ആദ്യമായിട്ടാണെന്നും പ്രസ്താവനകള്‍ നടത്തുമ്പോള്‍ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചത് ഒരു പുരോഹിതനെയാണ്.

നാര്‍ക്കോട്ടിക് എന്നതിന് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കേണ്ടതില്ലെന്നും അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യവും വ്യക്തവുമായ ഒരു മറുപടിയാണിത്. നാര്‍ക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന വലിയ പ്രശ്നമാണ്. ഇതില്‍ ശക്തമായ നിയമനടപടികളാണ് വേണ്ടത്. അതാകട്ടെ, സ്വീകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുന്‍പ് വന്ന ലൗ ജിഹാദ് ആരോപണവും ചില പ്രത്യേക കേന്ദ്രങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരും പ്രണയിക്കുന്നവരും എല്ലാ സമുദായത്തില്‍പ്പെട്ടവരും ഉണ്ട്. അവര്‍ ജാതിയും മതവും നിറവും ഒന്നും നോക്കിയല്ല ഇതെല്ലാം ചെയ്യുന്നത്. ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ച് ഒരു സമുദായത്തെ മാത്രം വേട്ടയാടാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. മുഖ്യമന്ത്രി പുറത്തുവിട്ട കണക്കുകളില്‍ തന്നെ എല്ലാം വ്യക്തവുമാണ്.

അതേസമയം, ഒറ്റപ്പെട്ട സംഭവങ്ങളെ അതേ രൂപത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതും ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. അതല്ലങ്കില്‍ ഡല്‍ഹിയില്‍ നിന്നും വിഷം ചീറ്റിയതു പോലെ മാര്‍ക്ക് ജിഹാദ് മാത്രമല്ല മറ്റ് പല ജിഹാദ് ആരോപണങ്ങളും ഇത്തരക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരും. അതും നാം തിരിച്ചറിയേണ്ടതുണ്ട്.

EXPRESS KERALA VIEW

Top