മാര്‍ക്ക് ജിഹാദ് പ്രസ്താവന തള്ളി ഡല്‍ഹി സര്‍വകലാശാല, ഒരു സംസ്ഥാനങ്ങളോടും വിവേചനമില്ല

ന്യൂഡല്‍ഹി: മാര്‍ക്ക് ജിഹാദ് വിവാദം ഉന്നയിച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് പാണ്ഡയെ തള്ളി സര്‍വകലാശാല അധികൃതര്‍. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു സംസ്ഥാനത്തിനും പ്രത്യേക പരിഗണന നല്‍കുന്നില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കി. എല്ലാ ബോര്‍ഡുകള്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്. ഇത്തവണത്തെ പ്രവേശനത്തിനും തുല്യത പാലിച്ചിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മാര്‍ക്ക് ജിഹാദാണ് ഇതിനു പിന്നിലെന്നുമായിരുന്നു രാകേഷ് പാണ്ഡെയുടെ വിവാദ പ്രസ്താവന. നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാര്‍ പാണ്ഡെ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് കേരളത്തിനും മലയാളികള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പാണ്ഡെയുടെ വിവാദ പരാമര്‍ശം. കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഇത്തവണ ആദ്യ കട്ടോഫില്‍ തന്നെ സര്‍വകലാശാലയില്‍ പ്രവേശനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രൊഫസര്‍ വിവാദ പരാമര്‍ശം നടത്തിയത്.

കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് ഇത്തരത്തില്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണ്. കേരളത്തില്‍ ലൗ ജിഹാദ് പോലെ മാര്‍ക്ക് ജിഹാദുമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജെഎന്‍യുവില്‍ പരീക്ഷിച്ച അതേ തന്ത്രം ഡല്‍ഹി സര്‍വകലാശാലയിലും നടപ്പിലാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും പാണ്ഡെ പറഞ്ഞു.

Top