രോഗ വ്യാപനം രൂക്ഷം; ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

സര്‍ക്കാറിന്റെ പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ട എല്ലാ വീടുകളിലും ജൂണ്‍ 30നകം പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലായ് അറിനകം കണ്ടെയ്‌ന്മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലും വീടുകള്‍ കയറിയുള്ള പരിശോധന പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ കോവിഡ് വ്യാപനതോത് തിരിച്ചറിയാന്‍ ജൂണ്‍ 27 മുതല്‍ സിറോ സര്‍വ്വേ ആരംഭിക്കും. എന്‍.സി.ഡി.സിയുമായി ചേര്‍ന്ന് നടത്തുന്ന സര്‍വ്വേയുടെ ഫലം ജൂലായ് പത്തോടെ ലഭിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഡല്‍ഹി. 66,602 പേര്‍ക്ക് ഡല്‍ഹിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2301 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മാത്രം 3947 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.

Top