ഡല്‍ഹിയെ തുരത്തി; സണ്‍റൈസേഴ്സ് ഹൈദരാബാദിന് 5 വിക്കറ്റ് ജയം

ന്യൂഡല്‍ഹി: ഐപിഎല്‍ 12ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്ത്. അഞ്ച് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ബാറ്റിങ് തെരഞ്ഞെടുത്ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 41 പന്തില്‍ 43 റണ്ണെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമേ ഡല്‍ഹി നിരയില്‍ പിടിച്ചുനിന്നുള്ളൂ. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും രണ്ട് വീതം വിക്കറ്റെടുത്തു.

ശ്രേയസ് ഡല്‍ഹിയെ കരകയറ്റാന്‍ ശ്രമിച്ചു. പക്ഷേ, അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലായ ശ്രേയസിനെ റഷീദ് ഖാന്‍ ബൗള്‍ഡാക്കി. ഒരു സിക്‌സറും മൂന്ന് ബൗണ്ടറികളുമായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സില്‍. 13 പന്തില്‍ 23 റണ്ണെടുത്ത അക്‌സര്‍ പട്ടേലാണ് ഡല്‍ഹിയെ 100 കടത്തിയത്.ക്രിസ്മോറിസ് 15 പന്തില്‍ 17 റണ്ണെടുത്ത് പുറത്തായി.

ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. നാല് കളിയും തോറ്റ ബാംഗ്ലൂരിന് ഇന്ന് നിര്‍ണായകമാണ്. ഇന്നും ജയിക്കാനായില്ലെങ്കില്‍ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യത മങ്ങും. കൊല്‍ക്കത്ത രണ്ട് കളി ജയിച്ചു.

Top