വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയത് വി.സി; ഈ ഭീരു രാജിവെച്ചേ മതിയാവൂ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്രമ സംഭവത്തില്‍ വൈസ് ചാന്‍സലറെ രൂക്ഷമായി വിമര്‍ശിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍.വൈസ് ചാന്‍സലര്‍ ഭീരുവാണെന്നും പിന്‍വാതില്‍ വഴി തെറ്റായ നയങ്ങള്‍ അദ്ദേഹം അടിച്ചേല്‍പ്പിക്കുകയാണെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.

‘ വൈസ് ചാന്‍സലര്‍ ഒരു ഭീരുവാണ്. നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയും ഭീകരാന്തരീക്ഷം ക്യാമ്പസില്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് വൈസ് ചാന്‍സലര്‍’.- വിദ്യാര്‍ത്ഥി യൂണിയന്‍.

ക്യാമ്പസ് സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പോരാട്ടമാണ് 70 ദിവസമായി ഇവിടെ നടക്കുന്നത്. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ക്ക് യാതൊരുവിധത്തിലുമുള്ള നടപടി സ്വീകരിക്കാതെ വൈസ് ചാന്‍സലര്‍ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നെന്ന തരത്തിലുള്ള സന്ദേശമാണ് നല്‍കുന്നത്. ഈ ആക്രമണങ്ങള്‍ക്ക് കാരണം വി.സി ആണെന്നും അതിനാല്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും യൂണിവേഴ്‌സിറ്റിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.

Top