സോഷ്യല്‍മീഡിയയില്‍ കൂടി അശ്ലീല ചര്‍ച്ചകള്‍ നടത്തി; വിദ്യാര്‍ത്ഥി അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അവരെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നുള്‍പ്പടെയുള്ള അശ്ലീല ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ കൂടി നടത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഡല്‍ഹിയിലെ വളരെ പ്രശസ്തമായ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.

‘ബോയിസ് ലോക്കര്‍ റൂം’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും സ്‌നാപ് ചാറ്റിലുമാണ് പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥി സംഘം ഗ്രൂപ്പുണ്ടാക്കിയത്. ഡല്‍ഹിയിലെ ഒരു വിദ്യാര്‍ത്ഥിനിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ഡല്‍ഹി സൈബര്‍ സെല്‍ പിടിച്ചെടുത്തു. ഈ ഗ്രൂപ്പിലുണ്ടായിരുന്ന 20 വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ വളരെ പ്രശസ്തമായ അഞ്ച് സ്‌കൂളുകളിലെ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നവരെന്നാണ് കരുതുന്നത്.

ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗ്രൂപ്പിലുള്ളവരുടെ ലിസ്റ്റ് പെണ്‍കുട്ടി പുറത്തുവിട്ടിരുന്നു.

തുടര്‍ന്ന് നിരവധിയാളുകള്‍ ഇത് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു. ഈ ഗ്രൂപ്പ് പിന്നീട് ഡിആക്ടിവേറ്റ് ചെയ്തു. വിവരങ്ങള്‍ പുറത്ത് വിട്ട പെണ്‍കുട്ടിക്ക് ബോയിസ് ലോക്കര്‍ റൂം എന്ന ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നും ഭീഷണിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Top