ഡൽഹി കലാപം ; ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അറസ്റ്റിലായി. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ആണ് അറസ്റ്റ് ചെയ്തത് . ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്‌തത്. ഞായറാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിൽ ഉമര്‍ ഖാലിദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉമർ ഖാലിദിനെ തിങ്കളാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കും. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്‌മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഖാലിദ് സൈഫിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഡൽഹിയിലുണ്ടായ കലാപം ഉമര്‍ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ബന്ധമുള്ള മറ്റ് രണ്ട് പേരും നടത്തിയതാണെന്നും ആരോപണം ഉണ്ട് . ഗൂഢാലോചനയുടെ ഭാഗമായി കർദാംപുരി, ജാഫ്രാബാദ്, ചന്ദ് ബാഗ്, ഗോകുൽപുരി, ശിവ് വിഹാർ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകളിൽ വെടിമരുന്ന്, പെട്രോൾ ബോംബ്, ആസിഡ് ബോട്ടിലുകൾ, കല്ലുകൾ എന്നിവ സൂക്ഷിച്ചിട്ടുണ്ടെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.

അതേസമയം, ഉമർ ഖാലിദിനെ വിട്ടയക്കണമെന്ന് ജെഎൻയു വിദ്യാർഥി സംഘടനയായ ഭഗത്സിങ് അംബേദ്കർ സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ അറിയിച്ചു.

Top