ഡല്‍ഹി കലാപം; ബൃന്ദ കാരാട്ട്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ക്കെതിരെ പൊലീസ് കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ ഇവര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, പൊലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് കുറ്റപത്രത്തില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയില്‍ ഈ മൂന്ന് രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേക്കെത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെയും പേരുണ്ട്.

അതേസമയം, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍ നല്‍കിയ മൊഴിയില്‍ സല്‍മാന്‍ ഖുര്‍ഷിദ്, സംവിധായകന്‍ രാഹുല്‍ റോയ്, ഭീം ആര്‍മി നേതാവ് ഹിമാന്‍ശു എന്നിവരെ പ്രതിഷേധം നിലനിര്‍ത്താന്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം താനും ഖാലിദ് സൈഫിയും കൂടി വിളിച്ചുവരുത്തിയതായി പറയുന്നു. സമരക്കാരെ പ്രചോദിപ്പിക്കാനായി ഇവര്‍ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നും മൊഴിയില്‍ പറയുന്നു

പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഫെബ്രുവരി 24 നാണ് കലാപമുണ്ടായത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top