ഡല്‍ഹി കലാപക്കേസ്; 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍. 15 പേര്‍ക്കെതിരെ യുഎപിഎ നിയമവും ആയുധ നിയമവും അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കലാപക്കേസില്‍ 15 പേര്‍ക്കെതിരെ 10,000 ത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് കര്‍കര്‍ദൂമ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

അതേസമയം, ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അറസ്റ്റിലായ അമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവരുടെ പേരുകള്‍ അനുബന്ധ കുറ്റപത്രത്തിലാവും ഉള്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ആസൂത്രിത ഗൂഢാലോചനയെ തുടര്‍ന്നാണ് കലാപമുണ്ടായതെന്ന് സ്പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് സിങ് കുശ്വാഹ നേരത്തെ പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതി (സിഎഎ) ക്കെതിരെ പ്രതിഷേധിച്ചവര്‍ ഗതാഗതം തടസപ്പെടുത്തുന്നത് അടക്കമുള്ളവയ്ക്കായി പൊതുവായ രീതികള്‍ പിന്തുടര്‍ന്നതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഫെബ്രുവരി 24-നാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമായി വളര്‍ന്നത്. 53 പേരാണ് കലാപത്തിനിടെ കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മൃതദേഹം അദ്ദേഹം താമസിക്കുന്ന ചാന്ദ് ബാഗിലെ അഴുക്കുചാലില്‍ കലാപത്തിനിടെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Top